Sree Kirathamurthy Temple is an ancient and sacred temple located in the small village of Mutukurussi, under Thachampara Panchayat in Palakkad district, Kerala.
പാലക്കാട് ജില്ലയിലെ തച്ചമ്പാറ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമമായ മുതുകുറുശ്ശിയിൽ സ്ഥിതിചെയ്യുന്ന പുണ്യപുരാതനമായ ക്ഷേത്രമാണ് ശ്രീ കിരാതമൂർത്തി ക്ഷേത്രം . പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറയിൽ ഇറങ്ങി 4 .5 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ ക്ഷേത്രത്തിൽ എത്താം . കിരാത മൂർത്തിയാണ് (ശിവൻ ) ഇവിടുത്തെ പ്രതിഷ്‌ഠ . ഉപദേവതമാരായി പാർവ്വതി , ഭഗവതി ,ഗണപതി , അയ്യപ്പൻ , ബ്രഹ്മരക്ഷസ്സ് , നാഗദേവത എന്നിവയുമുണ്ട് . ഈ ക്ഷേത്രമതിൽ കെട്ടിനോട് ചേർന്ന് വിഷ്ണുക്ഷേത്രവും സ്ഥിതിചെയ്യുന്നു . ഭക്തജനങ്ങൾ തെരെഞ്ഞെടുത്ത ഭരണസമിതിയാണ് മേൽനോട്ടം നടത്തുന്നത്. ഇവിടുത്തെ പ്രധാന വഴിവാടുകൾ പുഷ്പ്പാഞ്ജലി ,വിളക്കുമല , നിറമാല , ജലധാര , കൂവളമാല, പിൻവിളക്ക്, മുൻവിളക്ക് എന്നിവയാണ്. ശിവരാത്രിയാണ് പ്രധാന ഉത്സവം .
ഇവിടുത്തെ പ്രധാന പ്രതിഷ്ട കിരാതമൂർത്തിയാണ് . പടിഞ്ഞാട്ടു ദർശനമായി കാട്ടാള വേഷം ധരിച്ച ശിവനും , ശ്രീ കോവിലിനു പുറകിൽ കിഴക്കു ദർശനമായി ശ്രീ പർവ്വതിദേവിയും നാലമ്പലത്തിനകത്തു തെക്കുവശത്തു ചൈവത്ര മണ്ഡപത്തിൽ കിഴക്കു ദർശനമായി ഗണപതിയും , നാലമ്പലത്തിനു വെളിയിൽ തെക്കുഭാഗത്ത് കിഴക്കു ദർശനമായി അയ്യപ്പനും , അതിനു പുറകിൽ ക്ഷേത്രത്തിനു തെക്കു പടിഞ്ഞാറുഭാഗത്ത് കിഴക്കു ദർശനമായി നാഗദേവതയും , ബ്രമ്മരക്ഷസ്സും , വടക്കുകിഴക്ക് ഭാഗത്ത് പടിഞ്ഞാറു ദർശനമായി ഭഗവതിയും .പ്രധാനക്ഷേത്ര മതിൽ കെട്ടിനോട് ചേർന്ന് വടക്കുപടിഞ്ഞാറ് ഭാഗത്തു കിഴക്കു ദർശനമായി മഹാവിഷ്ണു ക്ഷേത്രവും ചേർന്നതാണ് മുതുകുറുശ്ശി ശ്രീ കിരാതമൂർത്തി ക്ഷേത്രം .
ഐതിഹ്യം
ഈ ക്ഷേത്രപ്രതിഷ്‌ഠയുടെ ഐതിഹ്യം മഹാഭാരതവുമായി ബന്ധപ്പെട്ടതാണ്. വിവരിച്ചു പറഞ്ഞാൽ മഹാഭാരതം ആരണ്യപർവ്വത്തിലെ പാണ്ഡവ വനവാസവുമായി ബന്ധപ്പെട്ട ഒരു ഭാഗമാണ് ഈ കിരാതമൂർത്തിക്ഷേത്ര പ്രതിഷ്‌ഠയുടെ ഐതിഹ്യം.
മഹാഭാരത്തിൽ പാണ്ഡവർ ചൂതുകളിയിൽ ശകുനിയുടെ നേതൃത്വത്തിലുള്ള കൗരവരോട് പരാജിതരാവുകയും നാടും,രാജാധികാരങ്ങളും നഷ്ടപ്പെട്ട് കാമ്യകവനത്തിൽ അവർ താമസിക്കുന്ന കാലത്ത് ഭഗവൻ കൃഷ്ണൻ അവരെ വന്നുകാണുകയും (ചില കഥയിൽ വ്യാസമഹർഷി എന്നും പറയുന്നു ). വരാൻ സാദ്ധ്യതയുള്ള മഹായുദ്ധത്തിന് ഒരിങ്ങിയിരിക്കാനും, അതിനു വേണ്ടി തന്റെ പ്രിയ സുഹൃത്തും , അതിലുപരി തൻറ്റെ സഹോദരി ഭർത്താവുമായ അർജ്ജുനനോട് ദിവ്യാസ്ത്ര സമ്പാദനത്തിനായി ഇന്ദ്രനെ തപസ്സു ചെയ്യാനും പറയുന്നു . അപ്പോൾ അതുകേട്ട് അവിടെയെത്തിയ ദ്രൗപദി കൃഷ്ണനോട് ചോദിക്കുന്നു , അപ്പോൾ യുദ്ധം ഉണ്ടാവും അല്ലേ എന്ന് . അതുകേട്ട ശ്രീ കൃഷ്ണൻ പറയുന്നു, പക്ഷേ അത് തീരുമാനിക്കുന്നത് ഞാൻ അല്ല അത് ദുര്യോധനൻറ്റെ കൈയ്യിൽ ആണ് എന്ന്. പക്ഷേ ഞാൻ യുദ്ധം ആഗ്രഹിക്കുന്നില്ല എന്നും പറഞ്ഞു . അപ്പോൾ തന്നെ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു . യുദ്ധം ഉണ്ടായാലും ഇല്ലെങ്കിലും ഈ വനവാസകാലം അർജ്ജുനാ നീ ദിവ്യാസ്ത്ര സമ്പാദനത്തിനായി ഇന്ദ്രനെ തപസ്സു ചെയ്ത് ദേവലോകത്തുപോകു എന്ന് . അതുകേട്ട അർജ്ജുനൻ കൈലാസത്തിൽ തപസ്സു ചെയ്യുവാനും തീരുമാനിക്കുന്നു. ഇവിടെ മറ്റൊരു കഥകൂടി കേഴ്ക്കുന്നുണ്ട് അത് തപസ്സിനായി ഹിമാലയത്തിലെത്തുന്ന അർജ്ജുനൻറ്റെ മുന്നിൽ ഇന്ദ്രൻ ഒരു വൃദ്ധതാപസ വേഷത്തിലെത്തി വേണ്ടതായ നിദ്ദേശങ്ങൾ നൽകി അനുഗ്രഹിച്ചു എന്നാണ് . ഇന്ദ്രനെ തപസ്സു ചെയ്തതായി പറയുന്നില്ല ആ കഥയിൽ . അങ്ങനെ ശ്രീ കൃഷ്ണൻറ്റെ നിർദ്ദേശപ്രകാരം അർജ്ജുനൻ പത്നി ദ്രൗപദിയോടും ജേഷ്‌ഠനുജന്മാരോടും യാത്രാനുവാദം ചോദിച്ച് തപസ്സിനായി പുറപ്പെടുകയും ചെയ്തു.
അർജ്ജുനൻ വടക്കുനോക്കി സഞ്ചരിച്ച് ഹിമാലയത്തിലെ മലകൾ താണ്ടി ഗംഗാതടത്തിൽ എത്തുകയും അവിടെ അർജ്ജുനൻ ഇന്ദ്രനെ നിനച്ചുകൊണ്ട് തപസ്സ് ആരംഭിക്കുകയും ചെയ്തു . അവസാനം ഇന്ദ്രൻ പ്രത്യക്ഷപ്പെടുകയും തപസ്സിൻറ്റെ ഉദ്ദേശ്യം ആരായുകയും ചെയ്തു .ശ്രീ കൃഷ്ണൻറ്റെ നിർദ്ദേശപ്രകാരം ദിവ്യാസ്ത്ര സമ്പാദനത്തിനായി ദേവലോകത്തു വരുവാൻ അനുമതി വേണം എന്നായിരുന്നു അർജ്ജുനൻ പറഞ്ഞത് . അതുകേട്ട ഇന്ദ്രൻ പറഞ്ഞു ദേവാലയ വാതിൽ നിൻറ്റെ മുന്നിൽ തുറക്കണമെങ്കിൽ ആദ്യം ശ്രീ പരമശിവനെ പ്രസാദിപ്പിച്ച് അനുഗ്രഹം വാങ്ങിയാൽ മാത്രമേ നടക്കു എന്നും . ആ അനുഗ്രവും വാങ്ങി വരൂ ദേവലോകവാതിൽ നിനക്കായി തുറന്നിടാം എന്നും പറഞ്ഞുകൊണ്ട് ഇന്ദ്രൻ അവിടെ നിന്നും മറഞ്ഞു .
അങ്ങനെ ഇന്ദ്രൻറ്റെ അപേക്ഷയെ തുടർന്ന് അർജ്ജുനൻ ശ്രീമഹാദേവനെ തപസ്സു ചെയ്യുകയും ചെയ്തു . ദിനങ്ങൾ ഒട്ടു കഴിഞ്ഞു ,കഠിനമായ ഒറ്റക്കാലിൽ തപസ്സു ആരംഭിച്ചു . പക്ഷേ മഹാദേവൻ കനിഞ്ഞില്ല .ആ തപസ്സു കണ്ടുകൊണ്ട് ശ്രീപാർവ്വതീദേവി അർജ്ജുനന് വരം നൽകുവാൻ ശ്രീമഹാദേവനോട് താമസം എന്താണ് എന്ന് ചോദിക്കുന്നു . അർജ്ജുനൻറ്റെ കഠിനമായ ആ തപസ്സ് അങ്ങു കാണുന്നില്ലേ ,മാത്രമല്ല വരാൻ പോകുന്ന ധർമ്മയുദ്ധത്തിൽ അത് ആവശ്യമല്ലേ എന്ന് ചോദിച്ചുകൊണ്ട് ശ്രീപാർവ്വതീദേവി അർജ്ജുനന് വരം നൽകുവാൻ ശ്രീമഹാദേവനോട് അഭ്യർത്ഥിക്കുന്നു. ഇവിടെ രണ്ട് രീതിയിൽ ഈ കഥ പറയുന്നു നമ്മുടെ പുരാണങ്ങൾ . അതിൽ ഒന്ന് ഇന്ദ്രൻറ്റെ അപേക്ഷയെ തുടർന്നാണ് ശ്രീപാർവ്വതീദേവി അർജ്ജുനന് വരം നൽകുവാൻ ശ്രീമഹാദേവനോട് അഭ്യർത്ഥിക്കുന്നത് എന്നും , രണ്ടാമത്തേത് സപ്തർഷിമാരുടെ അപേക്ഷയെ തുടർന്നാണ് ശ്രീപാർവ്വതീദേവി അർജ്ജുനന് വരം നൽകുവാൻ ശ്രീമഹാദേവനോട് അഭ്യർത്ഥിക്കുന്നത് എന്നും പറയുന്നു . പാർവ്വതിദേവിയുടെ ആ ചോദ്യത്തിന് മറുപടിയായി ശ്രീ പരമേശ്വരൻ പാർവ്വതീദേവിയോട് പറയുന്നു. വരുന്ന ധർമ്മയുദ്ധത്തിൽ എത്ര ദിവ്യാസ്ത്രങ്ങളും , അനുഗ്രഹങ്ങളുണ്ടങ്കിലും ഞാൻ എന്ന ഭാവം അഹന്ത ആർക്ക് വന്നാലും ഒന്നും ഫലവത്താവില്ല . അതുകൊണ്ട് അർജ്ജുനൻറ്റെ ഉള്ളിലെ അഹന്തമാറ്റിവേണം വരം നൽകേണ്ടത് അതിനു സമയമായി എന്നു പറഞ്ഞുകൊണ്ട് ഭഗവാൻ ശിവൻ കാട്ടാളവേഷം ധരിക്കുന്നു. എന്താണ് നടക്കുന്നത് എന്ന് അറിയാൻ കാട്ടാളസ്ത്രീയായി പാർവ്വതിയും വനചരഗണങ്ങളായി ഭൂതഗണങ്ങളും ശ്രീപരമശിവനു അകമ്പടിയാവുന്നു .
ആ സമയം അർജ്ജുനൻ ദിവ്യാസ്ത്ര സമ്പാദനത്തിനായി തപസ്സു ചെയ്യുന്ന വിവരം കിങ്കരന്മാർ വഴി ദുര്യോധൻ അറിയുന്നു. അപ്പോൾ തന്നെ അർജ്ജുനനെ വധിക്കുവാനായി ദുര്യോധനൻ തൻറ്റെ സുഹൃത്തായ മുകാസുരനെ അയക്കുന്നു. ഒരു പന്നിയായി കാട്ടിലെത്തിയ മൂകാസുരനെ കാട്ടാളവേഷം ധരിച്ച ശ്രീപരമേശ്വരൻ ആദ്യം വലയിൽ കുരുക്കുന്നു. എന്നാൽ ആ പന്നിരൂപം ധരിച്ച മൂകാസുരൻ വലഭേദിച്ച് പുറത്തുചാടി ഓടുന്നു. കാട്ടാളൻ പന്നിയെ പിന്തുടർന്ന് കൊണ്ട് പിന്നാലെ പോകുന്നു .
ആ പന്നിയെ പിന്തുടർന്ന് കാട്ടാളനും കാട്ടാളത്തിയും വനചരഗണങ്ങളായ ഭൂതഗണങ്ങളും അർജ്ജുനൻ തപസ്സുചെയ്യുന്ന സ്ഥലത്ത് എത്തിച്ചേരുന്നു. തപസ്സുചെയ്യുന്ന അർജ്ജുനനെ പന്നി ആക്രമിക്കാൻ പാഞ്ഞടുക്കുമ്പോൾ കാട്ടാളൻ അമ്പെയ്യുന്നു. ആ സമയത്തുതന്നെ തന്റെ നേരെ പാഞ്ഞുവരുന്ന പന്നിയെ അർജ്ജുനനും അമ്പെയ്യുന്നു. ഇരുവരുടേയും അസ്ത്രങ്ങളേറ്റ് പന്നി ചത്തുവീഴുന്നു. തൻറ്റെ വല ഭേദിച്ച പന്നിയെ താനാണ് ആദ്യം അമ്പെയ്തതെന്നും, മാത്രമല്ല കാട്ടിലെ മൃഗങ്ങൾ തനിക്ക് അവകാശപ്പെട്ടതാണെന്നും കാട്ടാളവേഷം ധരിച്ച ശ്രീപരമേശ്വരൻ വാദിക്കുന്നു. കുട്ടത്തിൽ അർജ്ജുനനെ വളരെ നിസാരമായി കണ്ട് അധിക്ഷേപിക്കുകയും ചെയ്യുന്നു .അതുകേട്ട അർജ്ജുനൻ ഞാൻ എന്ന ഭാവംകൊണ്ട് കുന്തിപുത്രനായ , ദ്രോണശിഷ്യനായ, വില്ലാളിവീരനായ അർജുനൻ ആണ് എന്നും മറ്റും പറയുന്നു. ഏത് ദ്രോണർ , ഏത് അർജ്ജുനൻ എന്ന് ചോദിച്ചുകൊണ്ട് ആ കാട്ടാളൻ വീണ്ടും പരിഹസിക്കുന്നു . അങ്ങനെ ആ വഴക്ക് ഘോരയുദ്ധത്തിലേക്ക് വഴിതെളിക്കുന്നു. പാര്‍വതി വിലക്കുവാന്‍ ഇടയ്ക്ക് ശ്രമിക്കുന്നെങ്കിലും അര്‍ജ്ജുനന്‍ പിന്മാറുന്നില്ല. അർജുനന്റെ അസ്ത്രങ്ങൾ ശിവനിൽ മുറിവുകൾ ഉണ്ടാക്കുന്നു. അതുകണ്ട പാർവ്വതി അർജ്ജുനന് മനസ്സിലാകുവാൻ എയ്യുന്ന അമ്പെല്ലാം പുഷ്പങ്ങളായിമാറട്ടെ എന്നും അമ്പൊഴിയാത്ത ആവനാഴി ശൂന്യമാവട്ടെ തുടങ്ങിയ പാര്‍വതിയുടെ ശാപങ്ങള്‍ക്കും അര്‍ജ്ജുനനെ പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞില്ല.
കാട്ടാളസ്ത്രീയുടെ വേഷം ധരിച്ച പാർവ്വതിദേവിയുടെ ശാപം നിമിത്തം അർജ്ജുനൻറ്റെ അസ്ത്രങ്ങൾ പൂക്കളായി കാട്ടാളനു പുഷ്പവൃഷ്ടി നടത്തുന്നു. അത് കണ്ടിട്ടും അർജ്ജുനൻറ്റെ അകക്കണ്ണ് തുറന്നില്ല . എന്നെ വെല്ലാൻ ഈ ഭൂമുഖത്ത് ആരും ഇല്ല എന്ന എന്ന ഭാവം അത്രക്ക് അർജ്ജുനനെ കിഴ്പെടുത്തിയിരുന്നു . അത് മാത്രമല്ല ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് ഈ വന്നിരിക്കുന്നവർ കാട്ടാളവേഷം ധരിച്ച രാക്ഷസന്മാർ ആണ് എന്നും, അവർ മായകൊണ്ടാണ് തൻറ്റെ അസ്ത്രങ്ങൾ പൂക്കളായി തിരുന്നത് എന്നും കരുതി വീണ്ടും യുദ്ധം തുടങ്ങുകയാണ് അർജ്ജുനൻ ചെയ്തത് . തുടർന്നുള്ള യുദ്ധത്തിൽ അർജ്ജുനനു വില്ലും , ഗാണ്ഡീവവും നഷ്ടപ്പെടുന്നു. തുടർന്ന് രണ്ട് പേരും മുഷ്ടിയുദ്ധത്തിൽ ഏർപ്പെടുന്നു. കാട്ടാളൻ അർജ്ജുനനെ എടുത്തെറിയുന്നു, ആ സമയം താൻ രാവിലെ ശിവപൂജ ചെയ്തപ്പോൾ ഉപയോഗിച്ച പൂക്കൾ കാട്ടാളൻറ്റെ ശിരസ്സിൽ കണ്ട അർജ്ജുനൻ ഈ കാട്ടാളൻ ശ്രീപരമശിവൻ തന്നെയാണോ എന്നു സംശയിക്കുന്നു.
പരാജിതനും ക്ഷീണിതനുമായി നിലത്തുവീണ അർജ്ജുൻറ്റെ ബോധം പോയി . ബോധമുണർന്ന അർജ്ജുനൻറ്റെ അഹങ്കാരം മാറി, ജ്ഞാനത്തിൻറ്റെ ഉൾകണ്ണ് തുറന്ന അർജ്ജുനൻ മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി പുഷ്പാര്‍ച്ചന ചെയ്ത് പ്രാര്‍ത്ഥിച്ചു. ആ അർച്ചന പുഷ്പങ്ങള്‍ കാട്ടാളൻറ്റെ മൌലിയില്‍ വീഴുന്നതായി കണ്ട് അര്‍ജ്ജുനന്‍ തനിക്കു പറ്റിയ പിഴവ് മനസിലാക്കി . എന്നിട്ടു ആ കാട്ടാളന്മാരോട് ചോദിക്കുന്നു അങ്ങു ആരാണ് ? അങ്ങു സാക്ഷൽ പരമശിവൻ തന്നെ. കാരണം എന്നെ അസ്ത്രവിദ്യകൊണ്ട് പരാജയപ്പെടുത്താൻ അഞ്ചു പേർക്കേ ഈ ത്രിലോകത്തു സാധിക്കു എന്ന് പറഞ്ഞുകൊണ്ട് ഭഗവാൻ ശിവനെ നമസ്കരിക്കുന്നു .
ആ സമയം ആ കാട്ടാള രൂപം ധരിച്ച ശിവൻ ചോദിക്കുന്നു ആ അഞ്ചു പേരിൽ ഞാൻ പരമശിവനാണ് എന്ന് എങ്ങനെ മനസ്സിലാക്കിയിട്ടാണ് അങ്ങു എന്നെ നമസ്കരിക്കുന്നത് . മാത്രമല്ല എന്തുകൊണ്ട് അത് മറ്റു നാലുപേർ ആയിക്കൂടാ ? ആ ചോദ്യത്തിന് അർജ്ജുനൻ മറുപടി പറഞ്ഞു , ഒന്ന് എൻറ്റെ ഗുരുനാഥൻ ദ്രോണർ ആണ്. അങ്ങു ദ്രോണരല്ല , അടുത്ത് എൻറ്റെ പിതാമഹൻ ഭീഷ്മർ ആണ് , അങ്ങു പിതാമഹനും അല്ല , അടുത്ത് വാസുദേവൻ ആണ് അങ്ങു വാസുദേവനും അല്ല അതുകൊണ്ട് അങ്ങു ഭഗവൻ പരമശിവൻ തന്നെ അതുകൊണ്ടാണ് ഞാൻ ഭഗവാൻ ശിവനെ സ്തുതിക്കുന്നത് എന്ന് പറഞ്ഞു . അതുകേട്ട കാട്ടാളൻ ചോദിച്ചു എന്തുകൊണ്ട് ഇന്ദ്രൻ ആയിക്കൂടാ ? അതിനു അർജ്ജുനൻ മറുപടി പറഞ്ഞു , ഇന്ദ്രൻ പറഞ്ഞിട്ടാണ് ഞാൻ മഹാദേവനെ തപസ്സുചെയ്തത് . മാത്രമല്ല ഞാൻ തപസ്സു ചെയ്തത് ഇന്ദ്രനെയല്ല കൈലാസനാഥനായ പരമശിവനെയാണ് . അങ്ങയെ മനസ്സിലാക്കാൻ എൻറ്റെ മനസ്സിലെ ഞാൻ എന്ന ഭാവം അഹന്തകൊണ്ട് സാധിച്ചില്ല എനിക്ക് മാപ്പു തരണം എന്ന് പറഞ്ഞുകൊണ്ട് ആ കാട്ടാളൻറ്റെ മുന്നിൽ സാഷ്ട്ടങ്ങപ്രണാമം ചെയ്തു .
ആ സമയം കാട്ടാളനും കാട്ടാളത്തിയും നിന്ന ആ സ്ഥാനത്ത് സാക്ഷാൽ ശ്രീപരമേശ്വരനെയും ശ്രീപാർവ്വതീദേവിയെയും അർജ്ജുനൻ കണ്ടു . അത് നടന്നതെല്ലാം ഭഗവാൻറ്റെ ലീലാവിലാസമായിരുന്നുവെന്നു മനസ്സിലാക്കി അർജ്ജുനൻ ഭക്തിപൂർവ്വം അവരെ നമസ്കരിച്ചു . അതിൽ സംതൃപതരായ ശിവ-പാർവ്വതിമാർ അർജ്ജുനനു ദിവ്യമായ പാശുപതാസ്ത്രം നൽകി അനുഗ്രഹിക്കുകയും ദേവലോകത്തു പോയി ദിവ്യാസ്ത്രം നേടാൻ അനുഗ്രഹിക്കുകയും , അനുമതി നൽകുകയും ചെയ്തു . തുടർന്ന് അവർ അപ്രത്യക്ഷരാവുകയും അർജ്ജുനൻ ദിവ്യാസ്ത്ര സമ്പാദനത്തിനായി ദേവലോകത്തു പോവുകയും ചെയ്തു .