പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ, വളപട്ടണം നദിക്കരയിലാണ് തീയ്യർ ഊരയിമായുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ പ്രശ്നങ്ങൾ മുത്തപ്പന്റെ തെയ്യക്കോലത്തിനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.
കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റർ വടക്കായാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റ് തെയ്യക്കോലങളിൽ നിന്നും വ്യത്യസ്തമായി പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വർഷത്തിൽ എല്ലാ ദിവസവും (ചില പ്രത്യേക ദിവസങ്ങൾ ഒഴികെ) തെയ്യം കെട്ടിയാടുന്നു. വെള്ളാട്ടവും തിരുവപ്പനയും ആണ് ഇവിടെ കെട്ടിയാടുന്നത്
ഐതിഹ്യം
തികഞ്ഞ ശിവഭക്തയായ പാടിക്കുറ്റി അമ്മയ്ക്കും അയ്യങ്കര വാഴുന്നോർക്കും മക്കളില്ലാത്ത ദുഃഖം കൊണ്ട് വഴിപാടുകൾ പലതു നടത്തി പ്രാർഥിച്ചു. ഒടുവിൽ ഒരു ദിവസം തന്റെ പ്രിയ ഭക്തയായ പാടിക്കുറ്റിയമ്മയ്ക്ക് മഹാദേവൻ സ്വപ്നദർശനം നൽകി. പിറ്റേ ദിവസം പാടിക്കുറ്റിയമ്മ കൊട്ടിയൂരിലെ തിരുവഞ്ചിറയിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ശിവാനുഗ്രഹത്താൽ അവിടെ നിന്നും ലഭിച്ച കുഞ്ഞാണ്, ഒടുവിൽ തന്റെ അവതാര ഉദ്ദേശ്യം വ്യക്തമാക്കി നാട് നീളെ നടന്നു, ഭക്തർക്ക് അനുഗ്രഹം നൽകുന്നതിനു വേണ്ടി ശിവ-വിഷ്‌ണു സങ്കൽപ്പത്തിൽ ഭഗവാൻ മുത്തപ്പനായി മടപ്പുരകളിൽ കുടികൊള്ളുന്നത്.
ബാല്യം മുതൽക്കു തന്നെ വിചിത്രമായ രീതികളായിരുന്നു മുത്തപ്പന്റേത്.സാധാരണക്കാരായ ആളുകളുടെ കൂടെ നടന്നും നായാടികളുടെ കൂടെ നടന്നു നായാടിയും ഇല്ലത്തിനു പേരുദോഷം കേൾപ്പിച്ചു. കാട്ടുമൃഗങ്ങളെ വേട്ടയാടിപിടിച്ചും മത്സ്യമാംസാദികൾ കഴിച്ചും നടന്നിരുന്ന മുത്തപ്പൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു. വാഴുന്നോർക്ക് ഇതിലെല്ലാം എതിർപ്പായിരുന്നെങ്കിലും പുത്രസ്നേഹം കാരണം അമ്മ എല്ലാം പൊറുത്തു മകനെ സ്നേഹിച്ചു. ഒടുവിൽ നിവൃത്തി ഇല്ലാതായപ്പോൾ വീടുവിട്ടിറങ്ങാൻ ആവശ്യപ്പെട്ടു. അപ്പോൾ മുത്തപ്പൻ കാലഭൈരവന്റെ രൂപത്തിലുള്ള തന്റെ ഉഗ്രമായ വിശ്വരൂപം കാട്ടിക്കൊടുക്കുകയും അവതാര ഉദ്ദേശ്യം വെളിപെടുത്തുകയും ചെയ്തു. ആ കണ്ണുകളിൽ നിന്നുള്ള അഗ്നി കണ്ടു ഭയപ്പെട്ടു ആ അമ്മ മകനോട് ഇനി എന്നും പൊയ്ക്കണ്ണ് ധരിക്കണം എന്നാവശ്യപെടുകയും ചെയ്തു .
പ്രധാന ഉത്സവങ്ങൾ
എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്നു.